11 April, 2024 10:15:15 AM


150ലേറെ തവണ പീഡിപ്പിച്ചു; മലയാളി യുവാവിനെതിരെയുള്ള പരാതി റദ്ദാക്കി സുപ്രീംകോടതി



ന്യൂഡൽഹി: മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാത്സം​ഗക്കേസ് റ​ദ്ദാക്കി സുപ്രീം കോടതി. സവിശേഷാധികാരം ഉപയോ​ഗിച്ചാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി.

ചെന്നൈ വിദ്യാഭ്യാസ കാലത്ത് കാമുകനായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചുവെന്നതായിരുന്നു പരാതി. 2006 - 2010 കാലത്ത് എഞ്ചിനീയറിം​ഗ് പഠിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം ബെംഗളുരുവിൽ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടർന്നു. എന്നാൽ വൈകാതെ വിവാ​ഹവാ​ഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇതോടെ യുവതി തമിഴ്നാട് പൊലീസിൽ പീഡ‍ന പരാതി നൽകുകയായിരുന്നു.

പരാതിയിൽ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നൽകിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പിൽ നിന്ന് പിന്മാറി. ഇതോടെ കേസിൽ തുടരാൻ യുവതി തീരുമാനിച്ചു. കേസിനിടെ യുവാവ് ജോലി സംബന്ധമായി ദുബായിലേക്ക് പോയി. തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരി​ഗണിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K