12 April, 2024 03:44:49 PM
സിദ്ധാർഥന്‍റെ മരണത്തിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കേസിലെ പതിനൊന്നാം പ്രതി വി ആദിത്യന്റെ പിതാവ് പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയൻ (55) ആണ് മരിച്ചത്. രാവിലെയാണ് വീട്ടിലെ മുറിയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിള്ളപ്പെരുവണ്ണ ഗവ. എൽ പി സ്‌കൂളിലെ അധ്യാപകനാണ് വിജയൻ. ഭാര്യ മേരി മിറാൻഡ ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ്.
ഫെബ്രുവരി 18നാണ് ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമർദനമാണ് സിദ്ധാർത്ഥന് ഏൽക്കേണ്ടിവന്നത്. കേസ് അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. പൊലീസ് എഫ്ഐആറിൽ 20 പ്രതികളാണുള്ളത്. എന്നാൽ ഇവർക്ക് പുറമെ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സി ബി ഐയുടെ എഫ്ഐആറിൽ പറയുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയെടുത്തിരുന്നു.