17 April, 2024 09:58:32 AM


തൃശൂര്‍ പൂരത്തിന് ആനകളെ നിയന്ത്രിക്കാന്‍ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്



തൃശൂര്‍: തൃശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി. വീണ്ടും നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആനകളെ നിയന്ത്രിക്കാന്‍ 80 അംഗ ആര്‍ആര്‍ടി സംഘം നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്. വനം വകുപ്പിന്റെ ഡോക്ടര്‍മാര്‍ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്.

വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്.കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും വ്യക്തമാക്കി.ഉത്തരവിലെ നിബന്ധനകള്‍ അപ്രായോഗിമെന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പറയുന്നത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വനംവകുപ്പ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോഴാണ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയത്. വനംവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറും ഹൈക്കോടതി ഇടപെടല്‍ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധികളും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പൂരം ബ്രോഷര്‍ കൈമാറുകയും മുഖ്യമന്ത്രിയെ പൂരത്തിന് ക്ഷണിക്കുകയും ചെയ്തു.

തൃശൂര്‍ പുരത്തിന്റെ ആഘോഷ ചടങ്ങുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ആന ഉടമകളും ദേവസ്വങ്ങളും രംഗത്തെത്തിയതോടെ ഇളവ് നല്‍കിയിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ആരും പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവാണ് മാറ്റിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തില്‍ ആരും ചുറ്റും പാടില്ലെന്ന തരത്തിലാണ് പുതിയ മാറ്റം. മാറ്റം വരുത്തിയ കാര്യം ഇന്ന് ഹൈക്കോടതിയെ വനം വകുപ്പ് അറിയിക്കും. ആനകള്‍ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K