16 December, 2023 02:49:02 PM
പൊലീസിലെ അറിയപ്പെടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി ഒപ്പം കൊണ്ട് നടക്കുന്നത്- വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി ഒപ്പം കൊണ്ട് നടക്കുന്നത് പൊലീസ് ക്രിമിനലുകളെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞങ്ങള്‍ വിചാരിച്ചാല്‍ ക്രിമിനലുകളായ പൊലീസുകാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങില്ലയെന്നും മുഖ്യമന്ത്രിയായി 'മഹാരാജാവ്' എന്നും ഉണ്ടാകില്ലെന്ന് ഓര്‍ക്കണമെന്നും ഏറ്റവും വെറുക്കപ്പെട്ട് ജനങ്ങളാല്‍ ആട്ടിയോടിക്കപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
ആലപ്പുഴയില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സഫാരി സ്യൂട്ടിട്ട പൊലീസ് ക്രിമിനലും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പോയ പൊലീസ് ക്രിമിനലുകളും ആക്രമിച്ചത്.
പൊലീസിലെ അറിയപ്പെടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി കൊണ്ടുനടക്കുന്നത്. അവരാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം മംഗളം സീനിയര്‍ ഫോട്ടോഗ്രാഫറിനെ കഴുത്തിന് കുത്തിപ്പിടിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി അനില്‍ എന്ന ഗണ്‍മാനാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. തിരുവനന്തപുരം സ്വദേശി സന്ദീപ്, പിന്നെ സ്യൂട്ടിട്ട ക്രിമിനല്‍. മുഖ്യമന്ത്രിയുടെ ഒപ്പം നടക്കുന്ന ക്രിമിനലുകളായ പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളുടെ ഞങ്ങളുടെ കൈവശമുണ്ട്. എല്ലാ കാലത്തും മുഖ്യമന്ത്രിയുടെ കസേരയില്‍ ഈ മഹാരാജാവ് ഉണ്ടാകില്ലെന്ന് അവരെല്ലാം ഓര്‍ത്തിരുന്നാല്‍ നന്നായിരിക്കും.
മുഖ്യമന്ത്രി പറഞ്ഞപോലെ ഇനി ഞങ്ങളും ജീവന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ക്രിമിനലുകളെ മുഖ്യമന്ത്രി പരസ്യമായി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഇന്നലെ എന്ത് അപകടമാണുണ്ടായത്. എസ് എഫ് ഐക്കാര്‍ ഗവര്‍ണറുടെ വാഹനം തടുത്ത് നിര്‍ത്തി കേടുപാടുണ്ടാക്കിയത് പോലെ മുഖ്യമന്ത്രിയുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ആ കുട്ടികള്‍ ചെയ്‌തോ? പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് ഈ ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചത്. ഇതിന് പിന്നാലെ കെ പി സി സി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ വീട് ആക്രമിച്ചു. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ തള്ളിമറിച്ചിട്ടു. സമനില തെറ്റിയ മുഖ്യമന്ത്രി ക്രിമിനലുകളെ അയയ്ക്കുകയാണ്.
കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വലിയ ശത്രുവായി കാണുന്നത് ഈ മുഖ്യമന്ത്രിയെയാണ്. ജനജീവിതം ദുരിതത്തിലാക്കി നാട്ടുകാരുടെ പണം ഉപയോഗിച്ച് നവകേരള സദസ് നടത്തി, രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ വെറുക്കുകയാണ്. കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട് ജനങ്ങളാല്‍ ആട്ടിയോടിക്കപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരും. അയാളുടെ അവസാനത്തിന്റെ ആരംഭമാണ്. എന്തൊരു ധിക്കാരമാണ്? എല്ലാവരെയും തല്ലിയൊതുക്കി, മിടുക്കനായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ആരാന്റെ മക്കളെ നടുറോഡില്‍ ചവിട്ടിക്കൂട്ടുമ്പോള്‍ അതു കണ്ട് ആഹ്ലാദിക്കുന്ന ക്രിമിനല്‍ മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി. ഞങ്ങള്‍ വിചാരിച്ചാല്‍ ക്രിമിനലുകളായ പൊലീസുകാര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങില്ല. അതിന് ശേഷിയുള്ള കോണ്‍ഗ്രസുകാര്‍ ഈ നാട്ടിലുണ്ട്. സംഘര്‍ഷഭരിതമാക്കേണ്ടെന്നു കരുതിയാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. എന്നാല്‍ മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ധിക്കാരവും ജനങ്ങളുടെ നെഞ്ചത്തു കൂടിയുള്ള തേരോട്ടവും നടത്തുന്നത്. ഇയാളുടെ ധാരണ മഹാരാജാവെന്നാണ്. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ ഒരു പ്രതിഷേധവും പാടില്ല. ഇ എം എസ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുണ്ടായിട്ടുണ്ട്. സമാധാനപരമായി കരിങ്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രിക്ക് എന്താണ് സംഭവിക്കുന്നത്? അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും തലയ്ക്കു പിടിച്ച് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. എട്ടാമത്തെ തവണയാണ് പ്രതിപക്ഷ നേതാവിന്റെ സമനിലതെറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാരുടെ ചെലവില്‍ സ്റ്റേജ് കെട്ടിയാണ് ഇത് പറയുന്നത്. ഞാന്‍ എവിടെ വേണമെങ്കിലും ചികിത്സിക്കാം. പക്ഷെ വീട്ടുകാര്‍ ആരും അടുത്തില്ലാത്തതിനാല്‍ മുഖ്യമന്ത്രിക്ക് മരുന്ന് എടുത്ത് കൊടുക്കാന്‍ ഒപ്പമുള്ള മന്ത്രിമാര്‍ മറക്കരുത്. മറന്ന് പോകുന്ന മരുന്ന് എടുത്ത് കൊടുത്ത് മന്ത്രിമാര്‍ നാട്ടുകാരെ രക്ഷിക്കണം. ഏതോ മരുന്ന് കഴിക്കാന്‍ വിട്ടു പോകുന്നതുകൊണ്ടാണ് ഇങ്ങനെ തോന്ന്യവാസം പറയുന്നത്. ആരെ കണ്ടാലും സമനിലതെറ്റിയെന്ന് തോന്നുന്നത് എന്ത് അസുഖമാണെന്ന് എല്ലാവര്‍ക്കും അറിയാം. സ്വന്തം പാര്‍ട്ടിയിലെ സീനിയര്‍ എം എല്‍ എയെയും എം പിയെയും അധിക്ഷേപിച്ചത് മുഖ്യമന്ത്രിയാണ്. ആരൊക്കെയാണ് അപമാനിക്കപ്പെട്ടതെന്നതു സംബന്ധിച്ച് മൂടിവച്ച് കഥകള്‍ ഒന്നൊന്നായി പുറത്ത് വരുന്നുണ്ട്. ഇതെല്ലാം പുറത്ത് വന്നുകഴിയുമ്പോള്‍ ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ ആരും ഒപ്പമുണ്ടാകില്ല. കമ്മ്യൂണിസത്തെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ചുമൂടാനുള്ള ഇയാളുടെ അവസാനത്തെ യാത്രയാണ്. സംയമനം പാലിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇനി ഇതിന്റെയും അപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയാല്‍ പൊലീസ്- സി.പി.എം ക്രിമിനലുകള്‍ ആക്രമിക്കുമെന്ന സ്ഥിതി വന്നാല്‍ പ്രിതിഷേധത്തിന്റെ രീതി മാറ്റേണ്ടി വരും.
മഹാരാജാവായ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ പാടില്ല, എന്നിട്ടാണ് ഗവര്‍ണറെ കരിങ്കൊടി കാട്ടാന്‍ ആളെ വിടുന്നത്. ഇത് ഇരട്ടത്താപ്പാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. എന്തൊരു വിരോധാഭാസമാണ്. ഗവര്‍ണറുടെ കാര്‍ തകര്‍ക്കുന്നതാണോ മാതൃകാപ്രവര്‍ത്തനം. എന്നിട്ടാണോ ഗവര്‍ണര്‍ പേടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണര്‍ ഡി ജി പിയെ വിളിച്ച് വിരട്ടിയപ്പോള്‍ പേടിച്ചു പോയത് മുഖ്യമന്ത്രിയാണ്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അയാളുടെ അരക്ഷിതത്വ ബോധത്തിലാണ് ചുറ്റുമുള്ളവരെ ആക്രമിക്കാന്‍ ആളെ വിടുന്നത്. ലോകം കണ്ട എല്ലാ ഏകാധിപതികളുടെയും പൊതുസ്വഭാവവും ഇതുതന്നെയാണ്. ഭീരു ആയതുകൊണ്ടാണ് 45 വാഹനങ്ങളുടെ അകമ്പടിയും ആയിരക്കണക്കിന് പൊലീസുകാരുടെ സുരക്ഷയും. സുരക്ഷാ വലയത്തിനുള്ളില്‍ നിന്നുകൊണ്ടാണ് ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നിട്ടുണ്ടെന്ന് പറയുന്നത്.
സെനറ്റിലേക്ക് ഗവര്‍ണര്‍ സംഘപരിവാറുകാരെ നിയമനിച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാനും കരിങ്കൊടി കാട്ടാനും എസ്.എഫ്.ഐക്ക് സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ സെനറ്റ് അംഗങ്ങളുടെ പട്ടിക തയാറാക്കിക്കൊടുത്ത് സംഘപരിവാറുകാരനായ സ്റ്റാഫാണ്. പ്രതിപക്ഷം എതിര്‍ത്തിട്ടും അയാളുടെ നിയമന ഉത്തരവില്‍ ഒപ്പിട്ടിത് പിണറായി വിജയനാണ്. അന്ന് പിണറായിയുടെ ഫാസിസ്റ്റ് വിരുദ്ധത എവിടെയായിരുന്നു? എസ്.എഫ്.ഐക്കാര്‍ ആദ്യം മാര്‍ച്ച് നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടിലേക്കാണ്.