18 April, 2024 03:07:53 PM


'യോഗാ നാട്യ'ത്തിലെ ശാസ്ത്രീയ നൃത്ത സമന്വയത്തിന് സ്വീകാര്യതയേറുന്നു

- എ എസ് ചന്ദ്രമോഹനൻ



പാലാ : 'യോഗ'യില്‍ ചിലങ്കയും അരപ്പട്ടയും സാരിയും  ഉള്‍പ്പെട്ട കോസ്റ്റ്യൂമില്‍ ശാസ്ത്രീയ നൃത്തരൂപം കൂടി സമന്വയിപ്പിച്ച് നൂതന ഭാവത്തില്‍ വേദിയില്‍ അവതരിപ്പിച്ച `യോഗാനാട്യം' എന്ന നൃത്താവിഷ്ക്കാരം നിറഞ്ഞ കെെയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. ആണ്ടൂര്‍ ശ്രീ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ഭാകമായി,  മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. ആര്യശ്രീ വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള യോഗാ ക്ളബ്ബാണ് പരിപാടി അവതരിപ്പിച്ചത്. യോഗാ പരിശീലനത്തോടൊപ്പം നാട്ട്യ മുദ്രകള്‍കൂടി സംയോജിപ്പിച്ച് അവതരിപ്പിച്ചു വന്ന `യോഗാ നാട്യം ' എന്ന നൃത്തശില്പം ഇതിനകം തന്നെ നിരവധി വേദികള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു.

യോഗാ പരിശീലനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21-ന്  അവതരിപ്പിച്ച പരിപാടി , തുടര്‍ന്ന് പല സ്ഥലങ്ങളിലും ആവശ്യപ്രകാരം നടത്തിയതോടെ തരംഗമായി തീര്‍ന്നു. ശാസ്ത്രീയ നൃത്തരൂപവും കൂടി സമന്വയിപ്പിച്ച് മനോഹരമാക്കിയപ്പോള്‍ യോഗാ നാട്യത്തിനു വീണ്ടും സ്വീകാര്യതയേറി.

മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവത്തിലും ഇല്ലിക്കല്‍ ഗവ. സ്ക്കൂള്‍, കുറവിലങ്ങാട് കുടുംബശ്രീ ഉത്സവം, മൂത്തേടത്തു കാവ്, ആണ്ടൂര്‍ ക്ഷേത്രം, മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഉത്സവത്തിന്‍റെ ഭാഗമായി പരിപാടി അവതരിപ്പിച്ചിരുന്നു.


സൂര്യ നമസ്ക്കാരം മുതല്‍ ശവാസനം വരെയുള്ള വിവിധ യോഗാസന മുറകള്‍ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ ക്ളാസിക്കല്‍ നൃത്ത ശില്പമാക്കി അവതരിപ്പിക്കുന്ന ടീമില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും വനിതകളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പടെയുള്ളവരെ കൂടാതെ പഞ്ചായത്ത് വെെ.പ്രസിഡന്‍റ് ഉഷ രാജു,  മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍ , സലിമോള്‍ ബെന്നി തുടങ്ങിയവരും പങ്കുചേരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K