19 April, 2024 04:17:43 PM


കാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഭവം; പ്രതി അറസ്റ്റിൽ



മലപ്പുറം: മലപ്പുറം പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. ചാവക്കാട് സ്വദേശി മല്ലാട് മനാഫിനെയാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. മോഷണം പോയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ ഇയാളുടെ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ നിന്നും കണ്ടെത്തി. മനയില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മനാഫ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.  ഈ മാസം ഒമ്പതിനാണ് കാട്ടുമാടം മനയില്‍ കവര്‍ച്ച നടന്നത്. 

പുലര്‍ച്ചെയോടെയാണ് മോഷണം നടന്നത്. മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവരുകയായിരുന്നു. ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവർന്നിട്ടുണ്ട്. പൂമുഖത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്നു. കവര്‍ച്ചയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനക്ക് സമീപത്തു നിന്ന് ഭണ്ഡാരം കണ്ടെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K