20 April, 2024 04:01:45 PM


നിപയ്ക്ക് മുന്നില്‍ പതറിയില്ല, പിന്നയല്ലേ സൈബര്‍ ആക്രമണം - കെകെ ശൈലജ



കോഴിക്കോട്: തന്റെതായ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഇവ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ആ വീഡിയോ എവിടെയെന്നാണെന്നാണെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ശൈലജ ചോദിച്ചു. സൈബര്‍ ആക്രമണം, സഹികെട്ടപ്പോഴാണ് തുറന്നുപറഞ്ഞത്. സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമാമായാണ് നടക്കുന്നത്. നിപയ്ക്ക് മുന്നില്‍ പതറിയില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നിലെന്നും ശൈലജ പറഞ്ഞു.

മുസ്ലീം പേരില്‍ വ്യാജ ഐഡിയുണ്ടാക്കി പോസ്റ്ററുകള്‍ ഇടുന്നു, പിന്നീട് ആ ഐഡി ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. തന്റെ ആശയങ്ങളെ എതിര്‍ത്ത് വ്യാജമായി പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിനെതിരെ പരാതി പറയുമ്പോള്‍ പണ്ട് ഇങ്ങനെ ചെയ്തിട്ടില്ലേ എന്നാണോ പറയേണ്ടതെന്നും ശൈലജ ചോദിച്ചു. ഇപ്പോ ചെയ്തിട്ടുള്ളത് ശരിയാണോ? നിങ്ങള്‍ എന്താണ് അതിനെ ലളിതമായി കാണുന്നതെന്നും ശൈലജ ചോദിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ പരിഹസിച്ചിട്ടുണ്ട്. താന്‍ ഒരു സ്ത്രീമാത്രമല്ല, ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ്. എല്ലാ പുരുഷന്‍മാരെ പോലെ അവകാശമുള്ള പൂര്‍ണ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗമാണെന്നും ശൈലജ പറഞ്ഞു.

തുടക്കം മുതല്‍ പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ സിപിഎമ്മിന് പങ്കുണ്ടെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ ഒരു പ്രാദേശിക സംഭവം പെരുപ്പിച്ച് കാട്ടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അവരുടെ ആശയദാരിദ്ര്യമാണ് അതുകാണിക്കുന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനവുായി സിപിഎമ്മിന് യാതൊരു പങ്കുമില്ല. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പാനൂര്‍ ഏരിയാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി അനുഭാവിയായ ഒരാളുടെ മകന്‍ അതിലുള്‍പ്പെട്ടിട്ടുണ്ട്. അവനെ ഞാന്‍ തിരുത്താന്‍ ശ്രമിച്ചു നന്നായില്ല, പാര്‍ട്ടി ശ്രമിച്ചു നന്നായില്ല. എന്നാണ് അതിലെ പ്രതിയുടെ പിതാവ് പറഞ്ഞത്. അതിനെ എന്തിനാണ് സിപിഎമ്മിന്റ തലയില്‍ കെട്ടിവയ്ക്കുന്നതെന്നും ശൈലജ ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K