20 April, 2024 07:21:34 PM


കുട്ടികളുടെ അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കില്‍ നിയമനടപടി - സുപ്രീംകോടതി



ന്യൂഡല്‍ഹി: കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്സില്‍ ലഭിച്ചാല്‍ ഉടന്‍ അവ ഡിലീറ്റ് ചെയ്യണം. അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജി വിധി പറയാനായി മാറ്റി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അത് കാണുകയും ചെയ്യുന്നത് പോക്‌സോ നിയമപ്രകാരവും ഐ ടി നിയമ പ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ ടി ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാകുകയുള്ളൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K