21 April, 2024 03:45:56 PM


കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം



കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. രാവിലെ പത്തരയോടെയാണ് വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്‍റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റി. അതുകൊണ്ട് വലിയ അപകടം ഒഴിവായി. 

അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീപടരുന്ന സാഹചര്യമുണ്ടായി. തൊട്ടടുത്തുള്ള വെള്ളയിൽ ഫയർ സ്റ്റേഷനിൽ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു. മീഞ്ചന്തയിൽ നിന്നാണ് ആദ്യ യൂണിറ്റെത്തിയത്. എന്നാൽ തീപടരാൻ തുടങ്ങിയതോടെ കൂടുതൽ യൂണിറ്റെത്തിക്കേണ്ടിവന്നു. നിറയെ വീടുകളും മറ്റുമുള്ള സ്ഥലമാണിത്. മൂന്ന് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

വിവരമറിയിച്ചിട്ടും ഫയർഫോഴ്സ് എത്താൻ അരമണിക്കൂറോളം വൈകിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ബക്കറ്റിൽ വെള്ളമെടുത്താണ് തീയണക്കാൻ ശ്രമിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽ ഒരു യൂണിറ്റ് മാത്രമാണ് നിലവിലുള്ളത്. ഈ യൂണിറ്റ് മറ്റൊരു സ്ഥലത്ത് പോയിരിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയതെന്ന് സ്റ്റേഷൻ ഓഫീസർ കെ അരുൺ പറഞ്ഞു. സ്ഥലത്തെത്താനുള്ള സമയം മാത്രമാണെടുത്തത്. ഫയർഫോഴ്സ് യൂണിറ്റുകളുടെ കുറവ് വേനൽക്കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും സ്റ്റേഷൻ ഓഫീസർ പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K