22 April, 2024 04:33:30 PM


ജോഷിയുടെ വീട്ടിലെ മോഷണം: നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തി- സിറ്റി പൊലീസ് കമ്മീഷണര്‍



കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടാനായത് പൊലീസിന്റെ നേട്ടമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായിരുന്നുവെന്നും നഷ്ടമായ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിയെന്നും എസ് ശ്യാം സുന്ദര്‍ പറഞ്ഞു. 15 മണിക്കൂറിനുള്ളില്‍ പ്രതി മുഹമ്മദ് ഇര്‍ഫാന്നെ പിടികൂടാന്‍ കഴിഞ്ഞു.

പൊലീസിന് അഭിമാന നേട്ടമാണ്. ആറോളം സംസ്ഥാനങ്ങളില്‍ പത്തൊമ്പതോളം കേസുകളില്‍ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങളിലെ കാറിനെ പിന്തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. ഈ മാസം 20ന് കേരളത്തില്‍ എത്തിയ ഇയാള്‍ സമ്പന്നര്‍ പാര്‍ക്കുന്ന പ്രദേശം ഗൂഗിളില്‍ തിരഞ്ഞിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളില്‍ മോഷണശ്രമം നടത്തി. പ്രതി മറ്റ് കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണെന്നും ശ്യാം സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്. ജോഷിയുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതും പിന്നീട് ജില്ലയ്ക്കു പുറത്തേക്ക് പോയതുമായ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ കൂടി കിട്ടിയതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിച്ചേര്‍ന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K