24 April, 2024 01:05:17 PM
അണ്ണാമലൈയെ സ്വാഗതം ചെയ്ത ബോര്‍ഡുകള്‍ നീക്കി; വയനാട്ടില്‍ സുരേന്ദ്രനും പൊലീസുമായി തര്‍ക്കം
കല്‍പ്പറ്റ: മാനന്തവാടിയില്‍ പൊലീസും വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും തമ്മില്‍ തര്‍ക്കം. മാനന്തവാടിയില്‍ ബിജെപി പ്രചാരണ ബോര്‍ഡുകള്‍ പൊലീസ് എടുത്തു മാറ്റിയതാണ് തര്‍ക്കത്തിന് കാരണം. ബിജെപി തമിഴ്നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയില്‍ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തിരുന്നു. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനോട് ബലപ്രയോഗം നടത്തി ബോര്‍ഡുകള്‍ തിരികെ സ്ഥാപിച്ചു.
യുഡിഎഫും എല്‍ഡിഎഫും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വര്‍ഗീയത പരത്തുകയാണ്. പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണ്. ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും കാണുന്നത്. എല്ലാ വിഭാഗത്തിനും നീതി ലഭിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തിനോട് വിവേചനം തുടരുകയാണ്.
സര്‍ക്കാരിന് തെറ്റുപറ്റിയതിനാലാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരേ നടപടിയെടുത്തത്. ശ്രീരാമന്റെ പടം പൂരത്തില്‍ കുടമാറ്റത്തിന് വെക്കുന്നതും മഠത്തില്‍ വരവ് തടഞ്ഞതും എന്തിനാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അല്ലാതെ ചെഗുവേരയുടെ കുട ഉയര്‍ത്തണമെന്നാണോ സി പി ഐ എം പറയുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചിരുന്നു.