18 December, 2023 11:12:46 AM
ഗവർണർ സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കും; പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ
കോഴിക്കോട്: എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന പൊതുപരിപാടിയിൽ ഗവർണർ പങ്കെടുക്കും. വൈകിട്ട് മൂന്നരയോടെ നടക്കുന്ന ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്‍റെ പ്രവാചകൻ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിലാണ് അദ്ദേഹം പങ്കെടുക്കുക.
പരിപാടിയിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനമുള്ളു. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവുമാണ് സെമിനാറിന്‍റെ സംഘാടകർ. അതേസമയം, ഗവർണക്കെതിരെയുള്ള എസ്എഫ്ഐ പോരാട്ടത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി വൈകിയും പ്രതിഷേധം തുടർന്നിരുന്നു. ഗവർണർക്കെതിരെ തലസ്ഥാനത്തും കറുത്ത ബാനർ കെട്ടി. സംസ്കൃത സർവകലാശാലയ്ക്ക് മുൻപിലാണ് കറുത്ത ബാനർ ഉയർത്തിയത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കവാടത്തിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല.
എസ്എഫ്ഐക്കാർ കരിങ്കൊടിയുമായി സനാതനധർമ ചെയറിന്‍റെ സെമിനാർ ഹാളിൽ എത്താതെ നോക്കാൻ വിശദ പരിശോധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.