30 April, 2024 09:34:30 AM


രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു



ഭോപ്പാൽ: മധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ പരിശോധനകൾ നടത്തി വരികയാണെന്നും സുരക്ഷ ശക്തമാക്കിയതായും ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാല്‍ ശര്‍മ്മ പറഞ്ഞു.

വിമാനത്താവളം ബോംബിട്ട് തകർക്കുമെന്നും സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു ഇ- മെയിൽ വഴി അധികൃതർക്ക് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ഗോവയിലെ ദംബോലിം വിമാനത്താവളത്തിലും ഇന്നലെ ഇ-മെയിൽ വഴി ബോംബ് ഭീഷണി അധികൃതർക്ക് ലഭിച്ചിരുന്നു. സംഭവത്തിൽ സുരക്ഷാ ഏജൻസികൾക്കും എയർലൈനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംശയം തോന്നുന്നവരെ പരിശോധിച്ചു വരികയാണെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K