30 April, 2024 07:41:35 PM


പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസെന്‍സ് സസ്പെന്‍ഡ് ചെയ്തു



ഡെറാഡൂണ്‍: പതിനാല് പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരാഖണ്ഡിലെ ലൈസന്‍സിംഗ് അതോറിറ്റി. പരസ്യക്കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മിച്ച പതിനാല് ഉത്പന്നങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ലൈസന്‍സിംഗ് വകുപ്പ് വ്യക്തമാക്കി.

ദിവ്യ ഫാര്‍മസിയുടെ ദൃഷ്ടി ഐഡ്രോപ്പ്, സ്വസരി ഗോള്‍ഡ്, സ്വസരി വാതി, ബ്രോഞ്ചം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വാതി എക്സ്ട്രാ പവര്‍, ലിപിഡം, ബിപി ഗ്രിത്, മധുഗ്രിത്, മധുനാശിനി വാതി എക്സ്ട്രാ പവര്‍, ലിവാമ്രിത് അഡ്വാന്‍സ്, ലിവോഗ്രിത്, ഐഗ്രിത് ഗോള്‍ഡ് എന്നീ ഉത്പന്നങ്ങളാണ് റദ്ദാക്കിയത്.

കഴിഞ്ഞ ഏപ്രില്‍ 23ന് നടന്ന അവസാന വാദത്തിനിടെ പത്രങ്ങളില്‍ മാപ്പപേക്ഷ വലിയരീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പത്രങ്ങളില്‍ പതഞ്ജലി നല്‍കിയ മാപ്പപേക്ഷയുടെ വലിപ്പം ഉത്പന്നങ്ങളുടെ മുഴുവന്‍ പേജ് പരസ്യത്തിന് സമാനമാണോയെന്ന് കോടതി ചോദിച്ചു. കോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും 67 പത്രങ്ങളില്‍ മാപ്പപേക്ഷ പരസ്യപ്പെടുത്തിയതായും പതഞ്ജലി വിശദീകരിക്കുകയും ചെയ്തു. പിന്നാലെ മുന്‍ മാപ്പപേക്ഷയേക്കാള്‍ വലിപ്പത്തില്‍ പതഞ്ജലി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K