01 May, 2024 01:01:36 PM


മേയര്‍-ഡ്രൈവര്‍ തര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്



തിരുവനന്തപുരം : തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്‍റെ റെക്കോര്‍ഡിങ്ങുള്ള 16 ജിബിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.  മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും സിഐ പറഞ്ഞു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. സംഭവം നടന്ന് നാലാം ദിവസമാണ് അന്വേഷണം. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നത് അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K