02 May, 2024 10:36:46 AM
ഡ്രൈവര്‍-മേയര്‍ തര്‍ക്കം; കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം വിൻസന്‍റ്
തിരുവനന്തപുരം: മേയർ തടഞ്ഞ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളായിരുന്നു എന്ന് എം.വിൻസന്റ് എം.എൽ.എ. തനിക്ക് ചില ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണെന്ന് പറഞ്ഞ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉയർത്തിയത്. മേയറും എം.എൽ.എയും ബസ് തടഞ്ഞ സംഭവമുണ്ടായപ്പോൾ തന്നെ കണ്ടക്ടർ, എ.എ റഹീമിനെ വിളിച്ചു. അദ്ദേഹം സംസാരിച്ച ശേഷം ഒരു സോറി പറയണം എന്ന് ആവശ്യപ്പെട്ടതായി കണ്ടക്ടർ ചിലരോട് പറഞ്ഞുവെന്നാണ് ജീവനക്കാരിൽ നിന്ന് തനിക്ക് വിവരം കിട്ടിയതെന്നും എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വെച്ച് ബസ് തടഞ്ഞ ശേഷം യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. മേയറെ അനുകൂലിക്കുന്നവർ പറയുന്നത് പ്രകാരമാണെങ്കിൽ, പൊലീസ് കസ്റ്റഡിയിലിരുന്നപ്പോഴാണോ യദു ബസിൽ നിന്ന് മെമ്മറി കാർഡ് മോഷ്ടിച്ചതെന്നും കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‍സ് യൂണിയൻ പ്രസിഡന്റ് കൂടിയായ എം വിൻസന്റ് എം.എൽ.എ ചോദിച്ചു.
"സംഭവ ദിവസം ബസ് നിർത്തിയിട്ട ഉടനെ തന്നെ ഡ്രൈവർ യദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം 11 മണി വരെ അദ്ദേഹം കസ്റ്റഡിയിലായിരുന്നു. പിന്നീട് ജോലിയിൽ നിന്ന് മാറ്റിനിർത്തി. ബസ് സ്റ്റേഷനിലേക്ക് യദു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണകക്ഷി യൂണിയനിലെയും കെഎസ്ആർടിസിയിലെയും ഉത്തരവാദപ്പെട്ട ആളുകൾ ചേർന്ന് നടത്തിയ ഓപ്പറേഷനാണ് ഈ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും അതുകൊണ്ട് ആകെ ഗുണം കിട്ടുന്നത് എം.എൽ.എയ്ക്കും മേയർക്കും മാത്രമാണെന്നും" അദ്ദേഹം പറഞ്ഞു.