03 May, 2024 09:58:37 AM


2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ പൊലീസിനെ ആന്ധ്രയില്‍ തടഞ്ഞു; വിട്ടയച്ചത് 4 മണിക്കൂറിന് ശേഷം



കോട്ടയം: കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്ത് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ കേരള പൊലീസിനെ ആന്ധ്ര പൊലീസ് തടഞ്ഞു വെച്ചത് നാല് മണിക്കൂർ. 2000 കോടി രൂപയാണ് കേരള പൊലീസിന്‍റെ കയ്യില്‍ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് നടപടികളെ തുടർന്നുളള പരിശോധനയുടെ ഭാഗമായാണ് തടഞ്ഞു വെച്ചത്. 

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അനന്തപുർ ജില്ലയിൽ കേരള സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞത്. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾ‌പ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു സംഘത്തെ വിട്ടയച്ചത്. ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നാണ് കേരള പൊലീസ് സംഘം പറയുന്നത്.

കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏപ്രിൽ 30ന് ആണ് പഴകിയ 500 രൂപ നോട്ടുകൾ 4 ട്രക്കുകളിലാക്കി ഹൈദരാബാദിലേക്കു കൊണ്ടുപോയത്. തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ നിന്നും ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കാണ് നോട്ടുകൾ എത്തിച്ചത്. രണ്ട് വാഹനങ്ങളിലായി ഡിവൈഎസ്പിയും, രണ്ട് എസ്ഐമാരും, മൂന്ന് സീനിയർ സിപിഒമാരും എട്ട് സിപിഒമാരുമാണ് കോട്ടയത്ത് നിന്ന് യാത്ര തിരിച്ചത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K