07 May, 2024 04:40:16 PM
ഗൂഢാലോചന പരാതി: ഇ പി ജയരാജന്‍റെ മൊഴിയെടുത്ത് പൊലീസ്
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് നല്‍കിയ പരാതിയില്‍ ഇ പി ജയരാജന്‍റെ മൊഴിയെടുത്തു. ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ പരാതി. ഇ പി ജയരാജന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ശോഭാസുരേന്ദ്രന്റെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു ഇപിയുടെ പരാതിയിലെ ആവശ്യം. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.
ശോഭാ സുരേന്ദ്രനാണ് നേരത്തെ ജാവദേക്കര്‍ -ഇ പി ജയരാജന്‍ കൂടിക്കാഴ്ച ചര്‍ച്ചയാക്കിയത്. പിന്നാലെ തന്റെ സാന്നിധ്യത്തില്‍ പ്രകാശ് ജാവദേക്കര്‍ ഇ പി ജയരാജനെ കണ്ടുവെന്ന് ടി ജി നന്ദകുമാറും വെളിപ്പെടുത്തിയിരുന്നു. തൃശൂരില്‍ ഇടതുമുന്നണി സഹായിച്ചാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ജാവദേക്കര്‍ ജയരാജനോട് പറഞ്ഞിരുന്നുവെന്നും പകരം ലാവലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നുമായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ പി ജയരാജന്‍ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്നാണ് ജയരാജന്‍ പറഞ്ഞത്.