08 November, 2024 05:44:41 PM


'രംഗോത്സവ് 2024': കലയുടെ വര്‍ണ വിസ്മയത്തിന് മാന്നാനത്ത് തിരി തെളിഞ്ഞു



കോട്ടയം : എ എസ് ഐ എസ് സി കേരള റീജിയണൽ സ്കൂൾ കലോത്സവത്തിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരി തെളിഞ്ഞു. കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. എഎസ് ഐ എസ് സി കേരള റീജണൽ പ്രസിഡന്‍റ് റവ. ഡോ. സിൽവി ആന്‍റണി അധ്യക്ഷത വഹിച്ചു. റീജണൽ സെക്രട്ടറിയും സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി ആമുഖപ്രസംഗം നടത്തി. മനശാസ്ത്രജ്ഞയും തമിഴ് ബിഗ് ബോസ് ഫെയിമുമായ ഡോ. ജയന്തി ഷാജി വിശിഷ്ടാതിഥിയായിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം, എ എസ് ഐ എസ് സി കേരള റീജണൽ കൾച്ചറൽ ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റർ ഫാ. ഷിനോ കളപ്പുരയ്ക്കൽ, കെ ഇ സ്കൂൾ പി.ടി.എ പ്രസിഡന്‍റ് അഡ്വ. ജെയ്സണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


10 വേദികളിലായി 48 വ്യത്യസ്ത മത്സരങ്ങളിൽ കാറ്റഗറി 3, 4, 5 വിഭാഗങ്ങളിലെ രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുക്കുക. കാറ്റഗറി 1 , 2 വിഭാഗങ്ങളുടെ സോണൽ മത്സരങ്ങളിൽ മാന്നാനം കെ ഇ സ്കൂൾ 2 കാറ്റഗറിയിലും ഓവറോൾ ചാമ്പ്യന്മാരായി. ആറ് സോണുകളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളാണ് സംസ്ഥാനതല ' രംഗോത്സവ് 2024 ' ല്‍ മാറ്റുരയ്ക്കുന്നത്.


വ്യക്തിഗത മത്സരങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലും ആവേശമാർന്ന പോരാട്ടമാണ് മത്സരാർത്ഥികൾ കാഴ്ചവെക്കുന്നത്. ലളിതഗാനം, പ്രസംഗം, പദ്യപാരായണം, നാടോടി നൃത്തം, മോഹിനിയാട്ടം, കുച്ചിപ്പുടി, തീം ഡാൻസ്, ഇംഗ്ലീഷ്  സ്കിറ്റ് തുടങ്ങി എല്ലാ മത്സരങ്ങളും ഉന്നതനിലവാരം പുലർത്തി. നാളെ സംഘഗാനം, ഭരതനാട്യം, സംഘനൃത്തം തുടങ്ങി കണ്ണിനും കാതിനും ഇമ്പമേകുന്ന നിരവധി മത്സരങ്ങള്‍ അരങ്ങേറും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K