12 November, 2024 07:36:40 PM
മതചിഹ്നങ്ങളും ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കയ്‌ക്കെതിരെ പരാതി
കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കികയത്. തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസ് പ്രചാരണമെന്നും പരാതിയില്‍ പറയുന്നു.
ഈ മാസം പത്താംതീയതിയാണ് പ്രയിങ്ക പള്ളിക്കുന്ന് ദേവാലയത്തില്‍ എത്തിയത്. അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എല്‍ഡിഎഫിന്റെ പരാതിയില്‍ പറയുന്നു. വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവരും യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ദേവാലയത്തിനകത്ത് വൈദികര്‍ പ്രത്യേക പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലയത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചു. നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് പ്രിയങ്ക ഗാന്ധി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.