07 November, 2024 01:36:56 PM
'രംഗോത്സവ് 2024' : എ എസ് ഐ എസ് സി കലാമാമാങ്കത്തിന് നാളെ മാന്നാനത്ത് തുടക്കം
കോട്ടയം : അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (എ എസ് ഐ എസ് സി ) കേരള റീജിയണൽ സ്കൂൾ കലോത്സവം 'രംഗോത്സവ് 2024' നവംബർ 8, 9 തീയതികളിൽ മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. കേരളത്തിലെ 100 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
നവംബർ 8ന് വൈകുന്നേരം എ എസ് ഐ എസ് സി കേരള റീജിയണൽ പ്രസിഡന്റ് ഫാ. സിൽവി ആന്റണിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് രംഗോത്സവ് ഉദ്ഘാടനം ചെയ്യും. മനഃശാസ്ത്രജ്ഞയും തമിഴ്നാട് ബിഗ് ബോസ് ഫെയിമുമായ ഡോ ജയന്തി ഷാജി വിശിഷ്ടാതിഥിയായിരിക്കും.
നവംബർ 9 ന് സമാപന സമ്മേളനത്തിൽ ഫ്ലവേഴ്സ്
ടോപ്‌സിങ്ങർ ഫെയിമും ബാലതാരവുമായ കുമാരി അന്ന റോസ് ആന്റണി വിശിഷ്ടാതിഥിയായിരിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിന് വിപുലമായ സജ്ജീകരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആറ് സോണുകളിലായി നടന്ന മത്സരങ്ങളിൽ വിജയികളായവരാണ് റീജിയണൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 10 വേദികളിലായി 48 വ്യത്യസ്ത മത്സരങ്ങളാണ് നടക്കുക. കഴിഞ്ഞ വർഷം കെ ഇ സ്കൂളിൽ നടന്ന 'രംഗോത്സവ് 2023' ൽ കാറ്റഗറി 3 ൽ എ ആർ എസ് ഭരണങ്ങാനവും കാറ്റഗറി 4 ൽ ഹരിശ്രീ വിദ്യാനിധി പൂങ്കുന്നവും കാറ്റഗറി 5 ൽ ഡോൺ ബോസ്‌കോ മണ്ണൂത്തിയും ഓവറോൾ ചാമ്പ്യന്മാരായിരുന്നു.
വിവിധ സ്കോളർഷിപ്പുകൾ, കലാകായിക മത്സരങ്ങൾ, അധ്യാപക പരിശീലനം തുടങ്ങി ഐ സി എസ് ഇ, ഐ എസ് സി തലത്തിൽ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയാണ് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി ഐ എസ് സി ഇ) സ്കൂളുകളുടെ പ്രിൻസിപ്പലുമാരുടെ സംഘടനയായ എ എസ് ഐ എസ് സി ലക്ഷ്യമിടുന്നത്. കേരളത്തിലാകെ 170 സ്കൂളുകൾക്കാണ് സി ഐ എസ് സി ഇ അംഗീകാരമുള്ളതെന്ന് എ എസ് ഐ എസ് സി ദേശീയ പ്രസിഡന്റും മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാളൂമായ ഡോ. ജെയിംസ് മുല്ലശേരി സി എം ഐ, കേരള റീജിയണൽ പ്രസിഡന്റ് ഫാ സിൽവി ആന്റണി എന്നിവർ അറിയിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ഷാജി ജോർജ്, റോയ് മൈക്കിൾ, എ എസ് ഐ എസ് സി കേരള റീജിയണൽ വൈസ് പ്രസിഡന്റ് സി. ലിൻസി ജോർജ്, കൺവീനർ ബിൻസി സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.