19 November, 2024 12:33:36 PM
ബലാത്സംഗ പരാതി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം നൽകിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായിരുന്നെന്നാണ് ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തിനോട് സഹകരിക്കണമെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിജീവിത പരാതി നൽകിയത് എട്ടു വർഷത്തിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദ്ദേശിച്ചു. സിദ്ദിഖിന് ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നടൻ ഒളിവിൽ പോയിരുന്നു. തുടർന്ന്, ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.