22 November, 2024 06:45:11 PM
ബിഹാറിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് മക്കളും മരിച്ചു
പട്ന: ബിഹാർ ഭഗൽപൂരിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരു അമ്മയും രണ്ട് കുട്ടികളും മരിച്ചു. പിർപൈന്തി അതാനിയ ഡയറയിലെ വർഷ ദേവി (29), ആയുഷ് (7), ജ്യോതി കുമാരി (4) എന്നിവരാണ് മരിച്ചത്. വർഷയുടെ ഭർത്താവ് ഗൗതം യാദവിന് സാരമായി പരിക്കേറ്റു.
വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് തീ പടർന്നതെന്നാണ് വിവരം. തീ പടരുന്നത് കണ്ട് അയൽവാസികൾ ഉടനെ രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. വീട് പൂർണമായും കത്തി നശിച്ചു.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗൗതമിനെ പിർപൈന്തി റഫറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മായഗഞ്ച് ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.