16 November, 2024 10:40:55 AM


മണിപ്പൂരിൽ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം നദിയിലൂടെ ഒഴുകിയെത്തി



ഇംഫാല്‍: സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്‌തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 11ന് കാണാതായ ഇവരുടെ മൃതദേഹം ജിരി നദിയിലൂടെ ഒഴുകിയെത്തുകയായിരുന്നു. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ അസമിലെ കചര്‍ ജില്ലയിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജിലേക്ക് (എസ്എംസി) പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അതേസമയം തിങ്കളാഴ്ച ജിരിബാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങള്‍ പെട്ടെന്ന് വിട്ടുതരണമെന്ന് അസം ഭരണകൂടത്തോട് ഹ്‌മാര്‍ ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഹ്‌മാര്‍ ഇന്‍പുയ് ആവശ്യപ്പെട്ടു. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് പരിശോധനകള്‍ക്കും വേണ്ടി എസ്എംസിയിലാണ് മൃതദേഹങ്ങളുള്ളത്.

പത്ത് പേരുടെ മരണത്തില്‍ കഴിഞ്ഞ ദിവസം കുകി-സോ വിഭാഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത് വൈകിയാല്‍ സില്‍ച്ചാറില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന ഭയത്തിലാണ് ഹ്‌മാര്‍ ഇന്‍പുയ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944