30 October, 2024 02:06:12 PM


മോമോസ് കഴിച്ച 33-കാരി മരിച്ചു; നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധ



ഹൈദരാബാദ്: വഴിയോരക്കടയില്‍ നിന്നും മോമോസ് വാങ്ങിക്കഴിച്ച 33കാരി മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ ഒരു തെരുവ് കച്ചവടക്കാരന്‍ വിളമ്പിയ മോമോസ് കഴിച്ച് വെറെ 20 പേര്‍ക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റുവെന്ന് പൊലീസ് പറഞ്ഞു.

പന്ത്രണ്ടും പതിനാലും വയസ്സുള്ള പെണ്‍മക്കള്‍ക്കൊപ്പം വെള്ളിയാഴ്ച ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്നാണ് രേഷ്മ ബീഗം മോമോസ് കഴിച്ചത്. താമസിയാതെ അവര്‍ക്ക് വയറിളക്കവും വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് രേഷ്മ ബീഗം മരിച്ചത്. സമാനമായ ലക്ഷണങ്ങള്‍ കാണിച്ച മക്കള്‍ ചികിത്സയിലാണ്.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരു കച്ചവടക്കാരനില്‍ നിന്ന് മോമോസ് കഴിച്ച് രേഷ്മ ബീഗം (33) മരിച്ചുവെന്നും മറ്റ് 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് കച്ചവടം നടത്തിയതെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മോമോസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന മാവ് തുറന്നാണ്് ഫ്രിഡ്ജില്‍ വച്ചിരുന്നത്. ഭക്ഷണ വിതരണക്കാരില്‍ നിന്നുള്ള സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

രേഷ്മ ബീഗത്തിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേര്‍ന്ന് വഴിയോരക്കച്ചവടക്കാരനെ കണ്ടെത്തി. സ്റ്റാള്‍ നടത്തുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K