15 May, 2024 07:09:08 PM
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന വിമര്‍ശനം ശക്തമായതിന് പിന്നാലെ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. പന്തീരാങ്കാവ് ഗാര്‍ഹിക പീഢനക്കേസില്‍ അലംഭാവം വരുത്തിയെന്നു ആരോപണമുയര്‍ന്നിരുന്ന് സേനയ്ക്കകത്തും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. എസ്എച്ച്ഓ എ എസ് സരിനിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് എസ്എച്ച്ഓയെ ഉത്തരമേഖല ഐജി സസ്‌പെന്റ് ചെയ്തത്.
പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനെതിരെ കേസെടുത്തിരുന്നു. നവവധുവിന്റെ പരാതിയിലായിരുന്നു നടപടി. സംഭവത്തില്‍ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പൊലീസിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഇതില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭവം വിവാദമായതോടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദമായതോടെയാണ് സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്.
നേരത്തെ ഗാര്‍ഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. കേസെടുക്കാന്‍ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.
ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ്‍ രാഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.