17 May, 2024 04:33:13 PM


നിലമ്പൂരിൽ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി



മലപ്പുറം: ചാലിയാർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് നടത്തിയ പട്രോളിങ്ങിനിടെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. നിലമ്പൂർ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും ആഢ്യൻപാറ-മായംപള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്ന് കന്നാസുകളിലും ഇരുമ്പ് ബാരലിലും സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. 

സ്വകാര്യ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പെരുമ്പത്തൂർ കുറുംകുളം സ്വദേശി ആലുങ്ങല്‍ പറമ്പില്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ പൊലീസ് - എക്സൈസ് വകുപ്പുകള്‍ക്ക് മുമ്പും ലഭിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രതി എക്സൈസുകാരെ കണ്ട് ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

ചോലയുടെ ഭാഗത്ത് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കരിയിലകളും മറ്റും കൊണ്ട് മൂടിയ നിലയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. കേസിന്‍റെ രേഖകളും തൊണ്ടി മുതലുകളും നിലമ്പൂർ റേഞ്ച് ഓഫിസില്‍ ഹാജരാക്കി. കേസിന്‍റെ തുടരന്വേഷണം നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി. പരിശോധനയില്‍ അസി. എക്സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു, സി.ഇ.ഒമാരായ സി.ടി. ഷംനാസ്, എബിൻ സണ്ണി, സബിൻ ദാസ്, ഡ്രൈവർ മഹമൂദ് എന്നിവരും ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K