18 May, 2024 07:53:24 AM
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും പ്രതിചേർക്കും
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും. ഇവര്‍ക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതിയായ രാഹുലിന്റെ സുഹൃത്ത് രാജേഷിന് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാജേഷിന് ജാമ്യം നല്‍കിയത്. പൊലീസിന് ജാമ്യം നല്‍കാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശന്‍ വാദിച്ചു. പ്രതിക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ വിദേശത്താണെന്നും എന്നാല്‍ രാജ്യം ഏതെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. ബെംഗളൂരുവില്‍നിന്ന് സിംഗപ്പൂര്‍ വഴിയാണ് പ്രതി ജര്‍മനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായാണ് രാഹുല്‍ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജര്‍മനിയില്‍ നിന്ന് രാഹുല്‍ ഫോണ്‍ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
കോഴിക്കോട് പൊക്കുന്ന് സ്വദേശിയാണ് രാജേഷ്. രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് രാജേഷാണെന്നും ബാംഗ്ലൂര്‍ വരെ ഒരുമിച്ച് സഞ്ചരിച്ചെന്നും പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാന്‍ രാഹുലിന് ടിക്കറ്റ് എടുത്ത് നല്‍കിയതും രാജേഷാണ്. രാഹുല്‍ ജര്‍മ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.