23 May, 2024 06:42:21 PM


കേരളത്തിലെ പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളെന്ന് രാജീവ് ചന്ദ്രശേഖര്‍; വ്യാപക ട്രോള്‍



തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 

മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കേരളത്തില്‍ മഴ കനത്തെങ്കിലും പ്രളയസാഹചര്യം ഇല്ല. തുടര്‍ന്ന് വ്യാപക വിമര്‍ശനവും ട്രോളുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം വിമർശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

കേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയും എത്തി. ഇപ്പോള്‍ കണ്ടത് '2018' സിനിമയാണ്... തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!. രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2018 സിനിമ കണ്ടിട്ടാണോ പോസ്റ്റ് ഇട്ടതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരിഹസിച്ചു. പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. 'ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ...ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ...' ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K