24 May, 2024 04:28:46 PM
അടിയന്തര ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ വട്ടം കറങ്ങി; കേദാര്‍നാഥില്‍ ഒഴിവായത് വന്‍ ദുരന്തം
ഡെറാഢൂണ്‍: കേദാര്‍നാഥ് ഹെലിപാഡിന് 100 മീറ്റര്‍ അകലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. പൈലറ്റ് ഉള്‍പ്പടെ ഏഴുപേരും സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ സിര്‍സിയില്‍നിന്ന് കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി വരികയായിരുന്ന ഹെലികോപ്റ്ററാണ് അടിയന്തരമായി നിലത്തിറക്കിയത്.
ലാന്‍ഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പടര്‍ത്തി. തുടര്‍ന്ന് ഹെലിപാഡിന് സമീപമുള്ള ആളുകള്‍ ഓടുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഹെലികോപ്റ്ററിന്റെ പിന്‍ഭാഗം നിലത്തിടിക്കകയും ചെയ്തു.
കെസ്ട്രല്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് തകരാറിലായ ഹെലികോപ്റ്റര്‍. സിര്‍സി ഹെലിപാഡില്‍ നിന്നും കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി എത്തിയപ്പോഴാണ് സംഭവമെന്ന് ജില്ലാ ദുരന്തനിവാരണ മാനേജ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഇത്തവണ മേയ് 10നാണ് ചാര്‍ധാം യാത്രയ്ക്ക് തുടക്കമായത്. അതിശൈത്യത്തിലും തീര്‍ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.