30 May, 2024 08:57:13 AM
വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ മോദി ഇന്നെത്തും; കന്യാകുമാരിയില്‍ കനത്ത സുരക്ഷ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോദി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിലേക്ക് പോവുക.
കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയില്‍ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.
പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരിന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970 ലാണു സ്മാരകം പണിതത്. കരയില്‍ നിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കല്‍പം.