31 May, 2024 03:59:31 PM
വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്; സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് 19 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരതെന്നും പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സിദ്ധാര്‍ഥന്റെ മാതാവും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ നേരത്തെ, സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നും തങ്ങള്‍ക്ക് ജാമ്യം തടയുകാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതികള്‍ കേസിനെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നും വിദ്യാര്‍ഥികളായ ഇവര്‍ രണ്ട് മാസത്തിലധികമായി ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.