01 June, 2024 04:26:46 PM
മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കും
കോഴിക്കോട്: കോവൂർ ഇരിങ്ങാടൻ പള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കുമെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. മുൻകരുതൽ സ്വീകരിക്കാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. തൊഴിലാളികൾ മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് എടുത്തു.
അസ്വാഭാവിക മരണത്തിന് ചേവായൂർ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കെട്ടിടം ഉടമയുടേയും ഹോട്ടൽ ഉടമയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. കിനാലൂർ സ്വദേശി അശോകൻ, കൂട്ടാലിട സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്. പത്തടിയോളം താഴ്ചയുള്ള ടാങ്കിലാണ് ഇവർ ഇറങ്ങിയത്.
ആദ്യം ഇറങ്ങിയ ആൾ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. എന്നാൽ ഇദ്ദേഹവും ബോധം കെട്ടുവീണു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന എത്തി ഇവരെ പുറത്തെത്തിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.