05 June, 2024 09:41:26 AM


സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം; ചരിത്ര വിജയം ആഘോഷിക്കാൻ ബിജെപി



തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷിക്കാന്‍ ഒരുങ്ങി ബിജെപി. കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് തൃശൂരിലായി സുരേഷ് ഗോപിക്ക് ഇന്ന് ഒരുക്കിയിട്ടുള്ളത്. തൃശ്ശൂരില്‍ സുരേഷ് ഗോപി നടത്തിയ പടയോട്ടത്തില്‍ ഗുരുവായൂര്‍ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പം നിന്നപ്പോള്‍ മുരളീധരനൊപ്പമായിരുന്നു ഗുരുവായൂര്‍.

സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും മോദി തരംഗവും ചേരുമ്പോള്‍ തൃശ്ശൂര്‍ ഇങ്ങ് പോരും എന്ന് തന്നെയായിരുന്നു തുടക്കം മുതല്‍ ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ആ പ്രതീക്ഷ ഇരട്ടിയാവുകയും ചെയ്തു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെയും എതിര്‍ സ്ഥാനാര്‍ത്ഥികളെയും ആശ്ചര്യപ്പെടുത്തിയ തോരോട്ടമായിരുന്നു പിന്നീട് മണ്ഡലത്തില്‍. 7 ഇടത്തും ഇടത് എം.എല്‍എ മാരുള്ള മണ്ഡലത്തില്‍ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു. പ്രതീക്ഷിച്ചപോലെ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലാണ് ഉയര്‍ന്ന ഭൂരിപക്ഷം. 14117 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മാത്രം സുരേഷ് ഗോപി നേടിയത്.

പരമ്പരാഗതമായി യുഡിഎഫ് വോട്ട് ബാങ്കായിരുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള ഒല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ,10,363 ഉം 13,006 മായിരുന്നു ബിജെപി ഭൂരിപക്ഷം. കരുവന്നൂര്‍ ബാങ്കും ഇരകളുമുള്ള ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപി നടത്തിയ പദയാത്ര തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. ഗുരുവായൂര്‍ നാട്ടിക, പുതുക്കാട്, ഒല്ലൂര്‍, മണലൂര്‍, മണ്ഡലങ്ങളില്‍ വി.എസ്.സുനില്‍ കുമാര്‍ രണ്ടാമതെത്തിയപ്പോള്‍ തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടത് സ്ഥാനാര്‍ത്ഥി സ്വന്തം ബൂത്തിലും പഞ്ചായത്തിലും സുരേഷ് ഗോപിക്ക് പിന്നിലായി.

മുസ്ലീലം ന്യൂനപക്ഷ വോട്ടുകള്‍ ഏറേയുള്ള ഗുരുവായൂരില്‍ 7406 വോട്ടിന്റ ഭൂരിപക്ഷം കെ മുരളീധരന് നല്‍കി. മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാന്‍ വന്‍ സ്വീകരണമാണ് ഇന്ന് സുരേഷ് ഗോപിയ്ക്ക് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് കാര്‍ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ സുരേഷ് ഗോപിയെ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ സ്വീകരിക്കും. 7 ദിവസം 7 മണ്ഡലങ്ങളില്‍ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുങ്ങുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K