06 June, 2024 09:41:40 AM


ആലത്തൂരിലെ യുഡിഎഫ് തോൽവി; പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ



പാലക്കാട്: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്റര്‍. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രാജിവെക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പനു കൂടിയുള്ളതാണെന്നും പോസ്റ്ററില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പാലക്കാട് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ പറയുന്നത് ഇപ്രകാരമാണ്. ആലത്തൂരിന്റെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡിസിസി പ്രസിഡന്റ് തങ്കപ്പന് ഒഴിഞ്ഞുമാറാനാവുമോ?. സംഘടനയുടെ പ്രശ്‌നങ്ങള്‍ മുന്നേ കൂട്ടി അറിയിച്ചപ്പോഴും നിസ്സങ്കത കാട്ടിയ തങ്കപ്പന്‍ രാജിവെക്കുക. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പന് കൂടിയുള്ളതാണ്. രാജിവെക്കുക.

ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനോടാണ് സിറ്റിങ് എംപിയായ രമ്യ ഹരിദാസ് പരാജയപ്പെട്ടത്. തോല്‍വിയില്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പഴിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രംഗത്തു വന്നിരുന്നു. രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും എ തങ്കപ്പന്‍ കുറ്റപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K