07 June, 2024 09:41:11 AM
ആക്രി വ്യാപാരത്തിന്‍റെ മറവിൽ ജിഎസ്ടി തട്ടിപ്പ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍
കൊച്ചി: ആക്രി വ്യാപാരത്തിന്‍റെ മറവിൽ ജിഎസ്ടി തട്ടിപ്പ് നടത്തിയതിന്‍റെ മുഖ്യസൂത്രധാരൻ എന്ന് കരുതുന്ന ആൾ പിടിയിൽ. പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കല്ലിനെയാണ് ജിഎസ് ടി വകുപ്പ് പിടികൂടിയത്. 15 കോടി 91 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയുടെ ഒടുവിലാണ് സൈൻ എന്‍റര്‍പ്രൈസസ് ഉടമയായ ഉസ്മാൻ പുളിക്കൽ ജിഎസ്ടി വകുപ്പിന്‍റെ പിടിയിലായത്. വ്യാജ ബില്ല് ഉപയോഗിച്ച് തെറ്റായ ഇൻപുട്ട് ടാക്സ് ജനറേറ്റ് ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ആക്രി വ്യാപാരത്തിന്‍റെ മറവിൽ വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വകുപ്പ്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ പാമ് ട്രീ എന്ന് പേരിട്ടിരുന്ന പരിശോധനയിൽ ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പാണ് വകുപ്പ് കണ്ടെത്തിയത്.
ഉസ്മാൻ ഈ സംഘത്തിന്‍റെ മുഖ്യസൂത്രധാരനാണെന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത് . ജിഎസ്ടി വകുപ്പിലെ സെക്ഷൻ 132 /1 C അനുസരിച്ചാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പട്ടാമ്പി ഓങ്ങല്ലൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. കൊച്ചിയിലെ ജിഎസ്ടി ഓഫീസിൽ നടന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ റിമാൻഡ് ചെയ്തു.