07 June, 2024 11:16:40 AM


കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി; കടന്തറ പുഴയിൽ അമിത ജലപ്രവാഹം



കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി. പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്. കടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.  പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ ഉള്‍വനത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയിലെ ഉള്‍വനം, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ എന്നി പ്രദേശങ്ങളിലെ ഉള്‍വനത്തിലുമാണ് ശക്തമായ മഴ തുടരുന്നത്. തുഷാരഗിരിയില്‍ മഴ ശക്തിപ്പെട്ടതോടെ ചെമ്പുകടവ് വഴി ചാലിപ്പുഴയിലേക്ക്  കനത്ത  മലവെള്ളപ്പാച്ചില്‍ തുടങ്ങിയിരുന്നു.

തിരുവമ്പാടി പഞ്ചായത്തിലെ ഉള്‍വനത്തില്‍ മഴ ശക്തിപ്പെട്ടതോടെ ഇരുവഞ്ഞിപ്പുഴയിലും ജനലനിരപ്പ് കൂടിയിട്ടുണ്ട്. അതിനാല്‍ ഇരു പുഴകള്‍ക്കും തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. താഴ്വാരത്ത് മഴയില്ലാത്തതിനാല്‍ നാട്ടുകാര്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. മലവെള്ളപ്പാച്ചില്‍ ശക്തിപ്പെട്ടതോടെ ആരും പുഴകളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K