23 December, 2023 11:26:58 AM
ഡിജിപിയുടെ വസതിയിലെ പ്രതിഷേധം; ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പൊലീസ് മേധാവിയുടെ വസതിയ്ക്ക് ഉള്ളിൽ പ്രവേശിച്ച് മഹിളാ മോർച്ച പ്രവർത്തകർ സമരം ചെയ്ത സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിഷയവുമായി ബന്ധപ്പെട്ട് ഡിഐജി രാഹുൽ ആർ നായർ തയ്യാറാക്കിയ ഉത്തരവ് റിപ്പോർട്ടറിന് ലഭിച്ചു. ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്.
മഹിളാ മോർച്ച പ്രർത്തകർ സംസ്ഥാന പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച സംഭവം കേരള പൊലീസിന്റെ സൽപേരിന് കളങ്കം ഉണ്ടാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ സംഭവം പൊലീസ് ആസ്ഥാനത്തിന്റെ സൽപേരിനും കളങ്കം ഉണ്ടാക്കി. മേൽ ഉദ്യോഗസ്ഥരോട് ചോദിക്കാതെ ഗേറ്റ് തുറന്നു കൊടുത്തു എന്നതാണ് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരായ കുറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
രണ്ട് സ്ത്രീകൾ നിവേദനം കൊടുക്കാനെന്ന പേരിൽ എത്തി. ഇവരുടെ കൂടെ വന്ന നാലുപേർ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. ഡിജിപിയുടെ വീടിൻറെ പോർട്ടിക്കോയിലെത്തി മുദ്രാവാക്യം വിളിച്ചു. സുരക്ഷാ വീഴ്ച ഉണ്ടാവാൻ കാരണം ഗേറ്റ് തുറന്നു കൊടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അശ്രദ്ധയും നിരുത്തരവാദിത്തപരമായ സമീപനം എന്നും ഉത്തരവിൽ പറയുന്നു.
സംഭവത്തിൽ ഇൻ്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നില്ല എന്ന് സംഭവദിവസം വാർത്തകളുണ്ടായിരുന്നു. എന്നാൽ ഡിഐജി രാഹുൽ ആർ നായർ തയ്യാറാക്കിയ ഉത്തരവിൽ ഇൻ്റലിജൻസ് വീഴ്ചയുടെ പേരിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.