09 June, 2024 01:36:55 PM


ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: 10 പ്രതികൾക്ക് പരോൾ



കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണ് പരോൾ. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പറയുന്നത്.

പത്ത് പ്രതികളും ജയിലിന് പുറത്തെത്തി. നേരത്തേ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാൽ കൊടി സുനിക്ക് പരോൾ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കാണ് പരോൾ അനുവദിക്കാതിരുന്നത്. ഇരുവർക്കും മൂന്നുവർഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോൾ നൽകുക.

ശാഫി, കിർമാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികൾക്കാണ് പരോൾ ലഭിച്ചത്. നേരത്തേയും ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. പ്രതികൾക്ക് കൂടുതൽ തവണ പരോൾ അനുവദിക്കുന്നതായി കെ.കെ. രമ ഉൾപ്പെടെയുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും പരോൾ. എൽ.ഡി.എഫ്. സർക്കാർ കാലത്ത് 2013 ദിവസമാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് നിയമസഭയിൽ 2022-ൽ സർക്കാർ വെളിപ്പെടുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K