10 June, 2024 12:44:00 PM


മന്ത്രിസഭയില്‍ നിന്ന് രാജി വയ്‌ക്കുന്നത് തന്‍റെ അജണ്ടയിലേ ഇല്ല- സുരേഷ് ഗോപി

 

ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ നിന്ന് രാജി വയ്‌ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി.വരുന്ന മൂന്ന് മാസത്തിമുള്ളില്‍ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുവരുന്ന വാർത്തകള്‍ ശരിയല്ല. എംപി എന്ന നിലയില്‍ പ്രവർത്തനങ്ങള്‍ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നല്‍കും.

സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച്‌ സിനിമകള്‍ ചെയ്‌ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകള്‍ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ രാജി വയ്‌ക്കുന്നത് അജണ്ടയിലേ ഇല്ല ', സുരേഷ് ഗോപി പറഞ്ഞു.

സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ തന്നെ പരാമർശിക്കാറുണ്ട് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന്. അതില്‍ അതൃപ്‌തിയുണ്ടെങ്കില്‍ സത്യപ്രതിജ്ഞയ്‌ക്ക് പോകാതിരിക്കേണ്ടതാണ്. അത്തരത്തിലാണ് എൻസിപി നേതാക്കളായ അജിത് പവാറും, പ്രഭുല്‍ പട്ടേലും ചെയ്‌തത്. എന്നാല്‍, ഏത് വകുപ്പ് ലഭിക്കും എന്ന കാര്യത്തില്‍ പിന്നീടേ അറിയാൻ സാധിക്കുകയുള്ളു.

തൃശൂരില്‍ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്നാണ് നേരത്തേ വാർത്തകള്‍ പുറത്തുവന്നിരുന്നത്. പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി എന്നായിരുന്നു വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K