12 June, 2024 12:46:33 PM
ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി 10 വയസുകാരിയുടെ ഹര്‍ജി: ആവശ്യം നിരസിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം.
പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബരിമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെൺകുട്ടി ഹര്‍ജിയിൽ പറഞ്ഞു. ഇത്തവണ തന്നെ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെൺകുട്ടി കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.