13 June, 2024 09:41:16 AM


കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി



കിവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. മൃതദേഹങ്ങൾ ഉടൻ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര‍്‍‍ത്തി വർധൻ സിങ് പറഞ്ഞു. കാര്യങ്ങൾ വേ​ഗത്തിലാക്കാൻ മന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു.

മംഗഫിലെ കമ്പനി ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 1൪ മലയാളികൾ അടക്കം 49 പേരാണ് മരിച്ചത്. മരിച്ചവരിൽ 40 പേരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ. 50ഓളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴ് പേരുടെ നില അതീവ ​ഗുരുതരമാണ്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ,തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ്,തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ മരിച്ചവരിൽ തിരിച്ചറിഞ്ഞ മലയാളികൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K