13 June, 2024 04:36:57 PM


കുവൈത്ത് തീപിടുത്തം; മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞതായി നോർക്ക



തിരുവനന്തപുരം: കുവൈത്തിലെ ​ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക.12 പേർ ഐസിയുവിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും നോർക്കയ്ക്ക് വിവരം ലഭിച്ചതായി കെവി അബ്ദുൽഖാദർ അറിയിച്ചു. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി. 

വിവിധ സംഘടനകൾ ചേർന്ന് രക്ഷദൗത്യം ഏകോപിപ്പിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെവി അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈത്ത് അമീർ നിർദേശം നൽകി. ഇതിനായി കുവൈത്തും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈത്ത് അമീർ ഉത്തരവിട്ടതായി കുവൈത്ത് മാധ്യമങ്ങൾ അറിയിച്ചു. 

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്‍റെ ദില്ലിയിലെ പ്രതിനിധി പ്രൊഫസര്‍ കെവി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തിവരികയാണ്. കുവൈത്ത് ദുരന്തം അതീവ ദു:ഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K