14 June, 2024 11:55:05 AM


ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകളിലും അസംബ്ലിയില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി



ശ്രീനഗര്‍: ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകളിലും അസംബ്ലിയില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യവും അച്ചടക്കവും വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു.

പ്രഭാഷകരെ ക്ഷണിക്കുക, പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് വിപത്തിനെതിരായി പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂളുകളില്‍ രാവിലെ അസംബ്ലികളില്‍ ഉള്‍പ്പെടുത്തേണ്ട ചില നടപടികളായി വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. രാവിലെ അസംബ്ലി 20 മിനിറ്റ് നീണ്ടുനില്‍ക്കുമെന്നും എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും നിയുക്ത സ്ഥലത്ത് ഒത്തുകൂടണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹത്തായ വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ആത്മകഥകള്‍ ചര്‍ച്ച ചെയ്യാനും സ്‌കൂള്‍ പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ദിവസേന പ്രഖ്യാപനങ്ങള്‍ നടത്താനും വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പ്രചോദനാത്മകമായ സംഭാഷണങ്ങള്‍ നടത്താനും വിദ്യാഭ്യായ വകുപ്പ് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K