15 June, 2024 06:32:29 PM


ജീവനക്കാര്‍ കുടുംബാംഗങ്ങളെപ്പോലെ; വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കെജി എബ്രഹാം



കൊച്ചി: കുവൈത്തിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമൈന്ന് എന്‍ബിടിസി എംഡി കെജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തു.

മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ക്ക് വിധേയമായാണ് ആളുകളെ താമസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. സാമ്പത്തിക സഹായം മാത്രല്ല, ജോലി വേണ്ടവര്‍ക്ക് അതുറപ്പാക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല രീതിയിലുളള ഇടപെടലാണ് ഉണ്ടായത്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കേരളത്തിലായിരുന്നെന്നും ക്യാമ്പുകളുടെ പരിശോധന എല്ലാ സമയത്തും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാർട്ട്മെന്റിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K