19 June, 2024 11:08:02 AM
കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കി
ന്യൂഡല്‍ഹി: അംഗീകൃത ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റായി കൊല്ലം തുറമുഖത്തെ (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും. ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന്റെ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ രാജ്യാന്തര കപ്പല്‍ ഗതാഗതത്തില്‍ കൊല്ലം ശ്രദ്ധേയ ഇടമായി മാറും. ഇടത്തരം തുറമുഖത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ചരക്കു കപ്പലുകള്‍ക്കും യാത്രാ കപ്പലുകള്‍ക്കുമായി 2 വാര്‍ഫ് ഉണ്ട്. 178 മീറ്റര്‍ ആണ് ചരക്കു കപ്പലുകള്‍ക്കുള്ള ബര്‍ത്ത് (വാര്‍ഫ്). യാത്രാ കപ്പല്‍ അടുക്കുന്നതിനുള്ള വാര്‍ഫിന് 101 മീറ്റര്‍ നീളമുണ്ട്. യാത്രാക്കപ്പല്‍ അടുക്കുന്ന വാര്‍ഫ് 175 മീറ്റര്‍ ആയി വര്‍ധിപ്പിക്കാനും 9 മീറ്റര്‍ ഡ്രാഫ്റ്റ് യാനങ്ങള്‍ അടുക്കാനുള്ള സൗകര്യം ഒരുക്കാനും ലക്ഷ്യമുണ്ട്. 7.5 മീറ്റര്‍ വരെ ആഴമുണ്ട്. 6000 മുതല്‍ 7,000 വരെ ടണ്‍ ഭാരവുമായി എത്തുന്ന കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയും.
വാര്‍ഫിനു സമീപം ഡ്രാഫ്റ്റ് 7.2 മീറ്റര്‍ ആണ്. ചരക്കുകള്‍ സംഭരിക്കുന്നതിന് വാര്‍ഫിന് സമീപം 10 ഏക്കര്‍ വിസ്തൃതിയില്‍ വിശാലമായ സ്റ്റാക്കിങ് യാര്‍ഡ് ഉണ്ട്. 2 ട്രാന്‍സിറ്റ് ഷെഡുകളും നിര്‍മിച്ചിട്ടുണ്ട്. ചരക്കുകള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി 40 അടി കണ്ടെയ്‌നര്‍ ഹാന്‍ഡ്ലിങ് ക്രെയിനിന് പുറമേ 5 ടണ്‍ മൊബൈല്‍ ക്രെയിനും ഉണ്ട്. ഫോര്‍ക്ക് ലിഫ്റ്റ്, വെയ്റ്റിങ് മെഷീന്‍ വെസല്‍, ട്രാഫിക് മോണിറ്റര്‍ സിസ്റ്റം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ ശ്രമഫലമായാണ് തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുവദിച്ചത്.