22 June, 2024 11:53:22 AM


ഡീപ് ഫെയ്ക്ക് സാമ്പത്തികത്തട്ടിപ്പിലെ 5 പ്രതികളും അറസ്റ്റില്‍



കോഴിക്കോട്: നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വ്യാജശബ്ദവും വീഡിയോയും തയ്യാറാക്കി സാമ്പത്തികത്തട്ടിപ്പ് ആസൂത്രണംചെയ്ത സംഘത്തെ മുഴുവന്‍ അറസ്റ്റിലാക്കി 'കോഴിക്കോട് സ്‌ക്വാഡ്'. തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക അത്ര വലുതല്ലാതിരുന്നിട്ടും കേരളവുമായി നേരിട്ട് ഒരുബന്ധവുമില്ലാത്ത അഞ്ചുപ്രതികളെയും അവരവരുടെ സംസ്ഥാനങ്ങളില്‍ ചെന്നാണ് സംഘം അറസ്റ്റുചെയ്തത്.

ഹൈദരാബാദ് സ്വദേശി പ്രശാന്ത് എന്ന മുഹമ്മദലി(38)യാണ് അവസാനം അറസ്റ്റിലായത്. ഇതിനുമുമ്പായി ഗുജറാത്ത് സ്വദേശികളായ കൗശല്‍ ഷാ, ഷേഖ് മുര്‍തഹയാത് ഭായ്, മഹാരാഷ്ട്ര സ്വദേശികളായ സിദ്ധേഷ് ആനന്ദ് കാര്‍വേ, അമരീഷ് അശോക് പാട്ടീല്‍ എന്നിവരും അറസ്റ്റിലായിരുന്നു.

സാമൂഹികമാധ്യമങ്ങളില്‍നിന്ന് മുതിര്‍ന്നപൗരരുടെ വിവരങ്ങളെടുത്ത് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വ്യാജവീഡിയോയാക്കും. ഇവരിലാരെങ്കിലും രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലാണെന്നും അടിയന്തര ചികിത്സയ്ക്ക് ബന്ധുക്കളോട് പണമാവശ്യപ്പെടും. ഫോണില്‍ സംസാരിക്കുമ്പോള്‍ സംശയംതോന്നിയാല്‍ വീഡിയോകോളിലൂടെ വ്യാജവീഡിയോ കാണിക്കും. ഇങ്ങനെ 40,000 രൂപ നല്‍കിയ പാലാഴി സ്വദേശി രാധാകൃഷ്ണന്റെ പരാതിയിലാണ് കോഴിക്കോട് പോലീസ് കുറ്റവാളികളെ വലയിലാക്കിയത്.

കമ്മിഷണര്‍ രാജ്പാല്‍ മീണയുടെയും ഡി.സി.പി. അനൂജ് പലിവാളിന്റെയും മേല്‍നോട്ടത്തില്‍ സൈബര്‍ സബ് ഡിവിഷന്‍ അസി. കമ്മിഷണര്‍ പ്രേംസദന്‍, ഇന്‍സ്‌പെക്ടര്‍ വിപിന്‍ ചന്ദ്രന്‍, എസ്.ഐ.മാരായ പ്രകാശ് പി, ഒ. മോഹന്‍ദാസ്, സീനിയര്‍ സി.പി.ഒ.മാരായ ബീരജ് കുന്നുമ്മല്‍, രഞ്ജിത്ത് ഒതയമംഗലത്ത്, രാജേഷ് ജോര്‍ജ്, പി. ശ്രീജിത്ത്, ജിതേഷ്, പ്രകാശന്‍ എന്നിവരാണ് സംഘത്തിലുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K