24 June, 2024 05:52:36 PM


കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം: ഭക്ഷ്യ വിഷബാധയെന്ന് സംശയം



നാദാപുരം: ഛര്‍ദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് ഇന്നു രാവിലെ 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോഴിക്കോട്ടേക്കു മാറ്റിയത്. ദേവതീര്‍ഥയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K