26 June, 2024 02:52:32 PM
മദ്യനയ അഴിമതി കേസ്: കെജരിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ വെച്ചാണ് സിബിഐ കെജരിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഇഡി എടുത്ത കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കെജരിവാള്‍ പിന്‍വലിച്ചിട്ടുണ്ട്.
സിബിഐയുടെ പുതിയ കേസു കൂടി ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി നല്‍കുക കണക്കിലെടുത്താണ് നേരത്തെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. ഹൈക്കോടതി വിധി കൂടി ചോദ്യം ചെയ്ത് പുതിയ ഹര്‍ജി നല്‍കുമെന്ന് കെജരിവാളിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ സാക്ഷിയായിട്ടാണ് കെജരിവാളിനെ സിബിഐ വിളിപ്പിച്ചതെന്നും, വിശദമായ വാദത്തിന് അവസരമൊരുക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ റോസ് അവന്യൂ കോടതിയില്‍ ആവശ്യപ്പെട്ടു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലിലെത്തി കെജരിവാളിനെ സിബിഐ ഇന്നലെ വൈകീട്ട് ചോദ്യം ചെയ്തിരുന്നു. ഇഡി എടുത്ത കേസിലാണ് വ്യാഴാഴ്ച വിചാരണക്കോടതി കെജരിവാളിന് ജാമ്യം അനുവദിച്ചത്. ഇതു ചോദ്യം ചെയ്ത് ഇഡി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ജാമ്യം സ്‌റ്റേ ചെയ്തത്. ജാമ്യം നല്‍കിക്കൊണ്ട് വിചാരണക്കോടതി ഇഡിക്കെതിരെ നടത്തിയ നിരീക്ഷണങ്ങളെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊണ്ടുള്ള പുതിയ മദ്യനയം രൂപീകരിക്കുനന്തിന് മുമ്പു തന്നെ മദ്യക്കമ്പനികള്‍ ഇക്കാര്യം അറിഞ്ഞു. ഇത് കോഴ ഇടപാടിന്റെ ഭാഗമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിപി സിങ് ആരോപിച്ചു. കേസില്‍ മാപ്പുസാക്ഷിയായ മുന്‍ എംപിയുടെ മൊഴികള്‍ കെജരിവാളിന് എതിരാണ്. സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത അടക്കമുള്ള സംഘമാണ് എഎപിക്ക് മദ്യനയത്തിന് കോഴയായി 100 കോടിയിലേറെ രൂപ നല്‍കിയതായും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു.