26 June, 2024 05:58:01 PM
യാത്രക്കാരന്‍റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ലെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല അപകടമുണ്ടായത്. മിഡില്‍ ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ബര്‍ത്ത് ലോക്കു ചെയ്തപ്പോള്‍, ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്‍ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്‍ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അപകടം ഉണ്ടായ ഉടന്‍ രാമഗുണ്ടത്ത് ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സ് അടക്കം എത്തിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. എല്ലാവിധ മെഡിക്കല്‍ സഹായവും റെയില്‍വേ നല്‍കിയിരുന്നു.
അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ റെയില്‍വേ അധികൃതര്‍ വിശദമായി പരിശോധിച്ചിരുന്നു. ബര്‍ത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തി. അതിനാല്‍ ബര്‍ത്ത് പൊട്ടി വീണാണ് യാത്രക്കാരന്‍ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.